Print this page

ആദ്യ വിദേശ ടെസ്റ്റ് സെഞ്ചുറി; രോഹിത് ശര്‍മ്മയെ വാഴ്‌ത്തി ഗാവസ്‌കര്‍

rohith sharma rohith sharma
ഓവല്‍: ടെസ്റ്റില്‍ വിദേശ സെഞ്ചുറിക്കായുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കാത്തിരിപ്പിന് ഓവലില്‍ വിരാമമായിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഫോര്‍മാറ്റിന്‍റെ താളത്തിനൊത്ത് കരുതലോടെ, ശോഭ ചോരാതെയായിരുന്നു രോഹിത്തിന്‍റെ സുന്ദര ശതകം. ഓവലിലെ ടെസ്റ്റ് സെഞ്ചുറിക്ക് ജീനിയസ് എന്ന വിശേഷണത്തോടെയാണ് രോഹിത്തിനെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ പ്രശംസിക്കുന്നത്.

'അവിശ്വസനീയമായ ഇന്നിംഗ്‌സ്. ന്യൂ ബോളില്‍ സ്വിങ്ങിനെ മറികടക്കുന്ന ശൈലി കൊണ്ട് വളരെ ആകര്‍ഷകമായത്. ഓവലില്‍ മാത്രമല്ല, മുന്‍ മത്സരങ്ങളിലും കണ്ടിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കഴിയുമ്പോള്‍ ഷോട്ടുകള്‍ ഒഴുകാന്‍ തുടങ്ങുന്നു. പന്ത് പ്രതിരോധിക്കുമ്പോള്‍ ബാറ്റ് നേരെയായിരിക്കുന്നതാണ് വളരെ ആകര്‍ഷകം. സെഞ്ചുറി തികയ്‌ക്കാന്‍ ഫൂട്ട്‌വര്‍ക്ക് നന്നായി ഉപയോഗിച്ചതും ശ്രദ്ധേയമായി.
അര്‍ധ സെഞ്ചുറി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ അദേഹത്തിന്‍റെ ഷോട്ടുകളിലെ വൈവിധ്യങ്ങള്‍ നമുക്ക് കാണാം. കട്ട് ഷോട്ടുകളും സ്വീപ്പും എല്ലാം കളിച്ചു. ഇങ്ങനെയാണ് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തേണ്ടത്. കളിക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. രോഹിത്തോ ഗുണ്ടപ്പ വിശ്വനാഥോ മുഹമ്മദ് അസറുദ്ദീനോ പോലുള്ള താരങ്ങള്‍ക്ക് ഓരോ പന്തിനും വ്യത്യസ്ത ഷോട്ടുകള്‍ മനസിലുണ്ടാകും. ഓണ്‍സൈഡിലും ഓഫ്‌സൈഡിലും കളിക്കും. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കുകയാണ് ഓവലില്‍ രോഹിത് ശര്‍മ്മ ചെയ്തത്' എന്നും ഗാവസ്‌കര്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:11
Pothujanam

Pothujanam lead author

Latest from Pothujanam