Print this page

സിഐഎ ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം, രോഗം സ്ഥിരീകരിച്ചത് ഇന്ത്യ സന്ദർശനത്തിനിടെ

cia cia
ദില്ലി: ഇന്ത്യയില്‍ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതായി റിപ്പോർട്ട്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം. 2016 മുതല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ കണ്ടെത്തുന്ന അജ്ഞാത രോഗമാണ് ഹവാന സിന്‍ഡ്രോം. സെപ്റ്റംബർ തുടക്കത്തില്‍ സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു.
ഇതിനോടകം അമേരിക്കയിലെ ഉന്നതതലത്തില്‍ വരെ ആശങ്കക്ക് കാരണമായ ഹവാന സിൻഡ്രോം ഒരു മാസത്തിനിടെ സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016 ല്‍ ക്യൂബയിലെ ഹവാനയില്‍ വച്ചാണ് അമേരിക്കയിലെ നയതന്ത്രഉദ്യോഗസ്ഥരില്‍ അജ്ഞാതമായ ഈ രോഗം ആദ്യം കണ്ടെത്തുന്നത്.
ക്യൂബ സന്ദര്‍ശനത്തിനിടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചെവിക്കുള്ളിലെ മൂളലും, ശരീരത്തിന്‍റെ ബാലൻസ് നഷ്ടമാകലും ഓര്‍മ്മക്കുറവും അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടത്തി. പിന്നീട് റഷ്യയിലും ചൈനയിലും ഓസ്ട്രിയയിലും സംഭവം ആവര്‍ത്തിച്ചു. ഇതോടെ ഹവാന സിൻഡ്രോം എന്ന് പേരിട്ട രോഗത്തെ ഗൗരവതരമായി നിരീക്ഷിക്കാന്‍ അമേരിക്ക ആരംഭിച്ചു.
കഴിഞ്ഞ മാസം വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വിയറ്റ്നാം യാത്ര മൂന്ന് മണിക്കൂര്‍ നേരം തടഞ്ഞത് തന്നെ ഒരു ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്നാണെന്നാണ് വിവരം. ഇന്ത്യയില്‍ വച്ച് ഹവാന സിൻഡ്രോം ലക്ഷണങ്ങള്‍ കണ്ടെത്തിയ സിഐഎ ഉദ്യോഗസ്ഥനെ അടിയന്തരമായി ചികിത്സക്ക് വിധേയനാക്കിയിട്ടുണ്ട്. ‌‌
ഹവാന സിൻഡ്രോം അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്യേഷ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണമാണെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും കൃത്യമായി സ്ഥിരീകരിക്കാൻ സിഐഎക്ക് സാധിച്ചിട്ടില്ല. ഇതുവരെ മുന്നൂറിലധികം ഉദ്യോഗസ്ഥരില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗം പേരും സിഐഎ ഉദ്യോഗസ്ഥരാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam