Print this page

നോട്ട് നിരോധനത്തിന് ഇന്ന് ആറാണ്ട്; നെട്ടോട്ടമോടിയ നാളുകൾ ഓർത്ത് രാജ്യം

By November 08, 2022 220 0
ന്യൂഡൽഹി: ഇന്ത്യൻ സമ്പ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് ആറ് വയസ്. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത് വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മുതൽ തകർച്ച നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥ ആറ് വർഷങ്ങൾക്ക് ഇപ്പുറവും നേരിടുന്നത് വെല്ലുവിളികൾ മാത്രമാണെന്നതാണ് മറ്റൊരു സത്യം.


2016 നവംബർ എട്ടിനായിരുന്നു പ്രധാന മന്ത്രിയുടെ ഈ പ്രഖ്യാപനം. കള്ളപ്പണം പിടികൂടാനെന്ന പേരിൽ നടപ്പാക്കിയത് തുഗ്ലക് പരിഷ്‌കാരം മാത്രമാണെന്ന് വരും ദിവസങ്ങളിൽ തെളിഞ്ഞു. നോട്ടുകൾ മാറ്റിയെടുക്കാൻ ലഭിച്ച 50 ദിവസങ്ങൾ മുന്നിൽ കണ്ട് നെട്ടോട്ടമോടിയ ജനങ്ങൾക്ക് മുൻപിൽ ഒട്ടുമിക്ക എടിഎമ്മുകളും ബാങ്കുകളും അടഞ്ഞു കിടന്നു.


രാഷ്ട്രീയമായി ഒന്നാം നരേന്ദ്ര മോദി സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ തീരുമാനം കൂടിയായിരുന്നു 2016ലെ നോട്ട് നിരോധനം. രാജ്യം വറുതിയിലാണ്ട ആ ദിവസങ്ങളിൽ പ്രധാനമന്ത്രി നടത്തിയ വികാര പ്രകടനങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു.


പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റേയും 99 ശതമാനത്തിലേറെ നോട്ടുകൾ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ വരി നിന്ന് നിരവധി ജീവനുകളും നഷ്ടമായി. അസംഘടിത മേഖല ആറ് വർഷം മുൻപ് ഏറ്റുവാങ്ങിയ ഇരുട്ടടിയിൽ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. പണപ്പെരുപ്പം ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്കിൽ എത്തി നിൽക്കുമ്പോൾ ഡോളറിനോട് പിടിച്ച് നിൽക്കാനാകാത്ത വിധമുള്ള തകർച്ച നേരിടുകയാണ് ഇന്ത്യയുടെ രൂപ. പണമിടപാട് രംഗത്ത് ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വീകാര്യത വർധിച്ചെങ്കിലും ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ തോത് 35 ലക്ഷം കോടിയിൽ അധികമാണ്. ഇതിനിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച നിരക്കിൽ വിവിധ ഏജൻസികൾ പല തവണ ആശങ്ക അറിയിച്ചു. പ്രതീക്ഷിത വളർച്ച നിരക്ക് റിസർവ് ബാങ്ക് പോലും ഈ സാമ്പത്തിക വർഷം ഒന്നിലേറെ തവണയാണ് താഴ്ത്തിയത്.
Rate this item
(0 votes)
Last modified on Tuesday, 08 November 2022 09:47
Author

Latest from Author