Print this page

‘ജന്മദിനാശംസകൾ മോദി ജീ, നിങ്ങൾ കാരണം ഞാൻ ജീവനൊടുക്കുന്നു’; ഉള്ളി കർഷകൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

By September 20, 2022 271 0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. ഉള്ളി കൃഷി ചെയ്തിരുന്ന ദശരഥ് കേദാരി (42) ആണ് മരിച്ചത്. കീടനാശിനി കഴിച്ച ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17നാണ് ആത്മഹത്യാ. മരിക്കുന്നതിന് മുമ്പ് കർഷകൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് ഞെട്ടിക്കുന്നതാണ്.

പൂനെയിലെ ജുന്നാറിൽ വഡ്ഗാവ് ആനന്ദ് ഗ്രാമത്തിലാണ് സംഭവം. സഹകരണ സംഘത്തിൽ നിന്നും വായ്പ എടുത്ത് ദശരഥ് കൃഷി ഇറക്കി. ഇത്തവണ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കനത്ത മഴയിൽ ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെയുള്ള കാർഷികോൽപ്പന്നങ്ങൾ നശിച്ചു. സോയാബീൻ, തക്കാളി കൃഷികൾക്കും നാശം സംഭവിച്ചു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി.

വായ്പ മുടങ്ങിയതോടെ സഹകരണ സംഘം ഉദ്യോഗസ്ഥർ കർഷകരോട് മോശമായി പെരുമാറി. അസഭ്യം പറഞ്ഞും, ഭീഷണിപ്പെടുത്തിയും ദശരഥിനെ സമ്മർദ്ദത്തിലാക്കി. പണം നൽകാൻ മറ്റ് വഴികൾ ഇല്ലാത്തതിനാൽ ദശരഥ് ജീവനൊടുക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്ന ആത്മഹത്യാ കുറിപ്പും തയ്യാറാക്കി.

‘ജന്മദിനാശംസകൾ മോദി ജീ’ എന്ന് തുടങ്ങുന്ന കുറിപ്പിൽ ഉള്ളിക്കും മറ്റ് വിളകൾക്കും താങ്ങുവില ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് കർഷകൻ കുറിച്ചു. “വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഇന്ന് ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാണ്. ഞങ്ങളുടെ വിളകൾക്കുള്ള ന്യായമായ ഗ്യാരണ്ടീഡ് മാർക്കറ്റ് വില തരൂ.” – മറാത്തി ഭാഷയിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മഹത്യാ കുറിപ്പ് കേദാരിയുടെ ബന്ധുവാണ് പൊലീസിന് കൈമാറിയത്. സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിൽ, കടം കൊടുക്കുന്നവരുടെ ഭീഷണിയും സഹകരണ സംഘം ഉപയോഗിക്കുന്ന അധിക്ഷേപ വാക്കുകളും കർഷകൻ പരാമർശിക്കുന്നുണ്ട്.
Rate this item
(0 votes)
Author

Latest from Author