Print this page

ബം​ഗാളിൽ കാർഷിക തകർച്ച; ജീവനൊടുക്കി കർഷകർ

By September 13, 2022 231 0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിൽ മാത്രം കഴിഞ്ഞവർഷം ജീവനൊടുക്കിയത്‌ 122 കർഷകർ. ബം​ഗാളിൽ കർഷക ആത്മഹത്യയില്ലെന്ന് മമത സർക്കാർ നിയമസഭയിലും പുറത്തും ആവർത്തിച്ച് പറയുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2022- ജനുവരി മുതൽ ആ​ഗസ്‌ത് വരെ പശ്ചിമ മേദിനിപുരിൽ 34 കർഷക‌‌ർ ആത്മഹത്യ ചെയ്തെന്നും വിവരാവകാശപ്രവർത്തകനായ ബിശ്വനാഥ് ഗോസ്വാമിക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.

ജില്ലയിലെ 23 പൊലീസ്‌ സ്റ്റേഷനിൽനിന്നുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ബംഗാളിലെ പുർബ ബർധമാൻ ജില്ലയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തിരുന്നു. കൃഷിനശിച്ചതോടെ കടക്കെണിയിലായതുകൊണ്ടാണ് കർഷകർ ആത്മഹത്യ ചെയ്തതെന്ന് കുടുംബാം​ഗങ്ങൾ വ്യക്തമാക്കിയെങ്കിലും സർക്കാർ നഷ്ടപരിഹാരംപോലും നൽകിയില്ല. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോ അടുത്തിടെ പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ’ 2021 റിപ്പോർട്ടിലും ബം​ഗാളിലെ കർഷക ആത്മഹത്യകളുടെ എണ്ണം പൂജ്യമാണ്.

ആത്മഹ്യ ചെയ്‌ത കർഷകരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ 2019ൽ വൻ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടും മമത സർക്കാർ നീതി നൽകാൻ തയാറായില്ലെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ബംഗാൾ സെക്രട്ടറി അമല്‍ ഹല്‍ദാര്‍ ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Author

Latest from Author