Print this page

71 മത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രാസ് കൺടി മത്സരങ്ങൾ ബുധനാഴ്ച മുതൽ തിരുവനന്തപുരത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലെ നീന്തൽ താരങ്ങൾ പങ്കെടുക്കുന്ന 71 മത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം വേദിയാകും. പിരപ്പൻകോട് ഡോ.ബി.ആർ അംബേദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ അർദ്ധസൈനികവിഭാഗങ്ങളും വിവിധ പോലീസ് സേനകളുമാണ് അഞ്ചു ദിവസത്തെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. ആകെ 27 ടീമുകളാണ് മത്സരത്തിനുണ്ടാകുക. 128 വനിതകൾ അടക്കം 682 മത്സരാർത്ഥികൾ വിവിധ ഇനങ്ങളിലായി പങ്കെടുക്കും. 10 വനിതകൾ അടക്കം 44 പേരാണ് കേരള പോലീസിന്റെ സംഘത്തിലുള്ളത്.

വിശാഖപട്ടണത്ത് അവസാനം നടന്ന ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് ആയിരുന്നു സ്റ്റേറ്റ് ചാമ്പ്യൻമാർ. കേരള പോലീസിലെ സജൻ പ്രകാശ് ആയിരുന്നു മീറ്റിലെ മികച്ച താരം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കാതിരുന്ന ചാമ്പ്യൻഷിപ്പ് ഇക്കൊല്ലം നടത്താൻ ആൾ ഇന്ത്യ പോലീസ് സ്പോർട്സ് ബോർഡ് തെരഞ്ഞെടുത്തത് കേരള പോലീസിനെയാണ്. ഇതിനുമുമ്പ് 2011 ലാണ് ഈ മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിച്ചത്.

ആഗസ്റ്റ് 17 മുതൽ 21 വരെ രാവിലെ 8.30 മുതൽ രാത്രി 9.30 വരെയാണ് പിരപ്പൻകോട്ടെ ഡോ.ബി.ആർ. അംബേദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 21 ന് വൈകുന്നേരം 5.30 ന് പിരപ്പൻകോട് ഡോ.ബി.ആർ അംബേദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന സമാപനചടങ്ങിൽ സ്പീക്കർ എം.ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ടീം അംഗങ്ങളെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ഹെൽപ്പ് ഡെസ്ക് ക്രമീകരിച്ചിട്ടുണ്ട്. ടീം അംഗങ്ങൾക്കും ഒഫിഷ്യൽസിനും ഓഫീസർമാർക്കും മികച്ച താമസസൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കേരള പോലീസ് ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ്പ് വൻ വിജയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.
Rate this item
(0 votes)
Author

Latest from Author