Print this page

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ഭട്കലിനും മുരിടേശ്വറിനും ഇടയിലുള്ള പാളത്തിന് അരികിലെ മണ്ണ് ഒലിച്ചുപോയ നിലയിൽ. ഭട്കലിനും മുരിടേശ്വറിനും ഇടയിലുള്ള പാളത്തിന് അരികിലെ മണ്ണ് ഒലിച്ചുപോയ നിലയിൽ.
മംഗളൂരു: കനത്ത മഴ കാരണം കൊങ്കൺ റെയിൽ പാതയിൽ ഭട്കലിനും മുരിടേശ്വറിനും ഇടയിൽ ഇന്നലെ രാവിലെ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണു ട്രെയിൻ ഗതാഗതം നാലു മണിക്കൂറോളം തടസ്സപ്പെട്ടു. ശക്തമായ മഴ കാരണം പാളത്തിന് അരികിലെ മണ്ണ് ഒലിച്ചുപോയി. ചില സർവീസുകൾ ചുരുക്കിയതായും ഒരു ട്രെയിൻ റദ്ദാക്കിയതായും കൊങ്കൺ റെയിൽവേ അറിയിച്ചു.

ഇന്നലെ പുറപ്പെടേണ്ടിയിരുന്ന മഡ്ഗാവ് ജംക്‌ഷൻ-മംഗളൂരു സെൻട്രൽ പ്രത്യേക ട്രെയിൻ റദ്ദാക്കി. മംഗളൂരു സെൻട്രൽ-മഡ്ഗാവ് ജംക്‌ഷൻ ട്രെയിൻ ഉഡുപ്പിയിൽ സർവീസ് അവസാനിപ്പിച്ചു. തിങ്കളാഴ്ച പുറപ്പെട്ട തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്‌സ്പ്രസ് സേനാപുര സ്റ്റേഷനിലും, ലോകമാന്യതിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനിലും, ബെംഗളൂരു-കാർവാർ എക്‌സ്പ്രസ് ഷിരൂർ സ്റ്റേഷനിലും, ഗാന്ധിധാം-തിരുനെൽവേലി എക്‌സ്പ്രസ് കുംത സ്റ്റേഷനിലും നാലു മണിക്കൂറോളം നിർത്തിയിട്ടു.

ഇന്നലെ പുറപ്പെട്ട കാർവാർ-യശ്വന്തപുര എക്‌സ്പ്രസ് ഹൊന്നാവർ സ്‌റ്റേഷനിൽ നിർത്തിയിട്ടു. കേരളത്തിൽ നിന്നു മൂകാംബികയിലേക്കു പുറപ്പെട്ട 150ലേറെ യാത്രക്കാരെ സേനാപുര സ്റ്റേഷനിൽ ഇറക്കി വിവിധ വാഹനങ്ങളിൽ കയറ്റിവിട്ടു. വൈകിട്ടോടെ പാളം ഗതാഗതയോഗ്യമാക്കി സർവീസുകൾ പുനരാരംഭിച്ചു.
Rate this item
(0 votes)
Author

Latest from Author