Print this page

പി.എം.കെയേഴ്‌സ്: പദ്ധതി ആനൂല്യങ്ങളുടെ പ്രകാശനം പ്രധാനമന്ത്രി നിര്‍വഹിച്ചു

PM Cares: The Prime Minister released the scheme benefits PM Cares: The Prime Minister released the scheme benefits
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ 'പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതി പ്രകാരമുള്ള വിവിധ ആനുകൂല്യങ്ങളുടെ പ്രകാശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, മറ്റ് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തത്സമയം അതത് ജില്ലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും വിശിഷ്ടാഥിതികള്‍ക്കുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്, സ്‌നേഹപത്രം, പാസ്ബുക്ക്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ അടങ്ങിയ കിറ്റ് കൈമാറി. ചടങ്ങില്‍ വിശിഷ്ടാഥിതിയായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങളും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. മാതാപിതാക്കളുടെ നഷ്ടം ഒന്നിനാലും നികത്താനാകില്ല. ഇത്തരമൊരു വേദനാജനകമായ ഘട്ടത്തെ തരണം ചെയ്ത വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്യുന്നു. രോഗമുക്തരായി തുടരാനും ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്നിവയ്ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കാണ് പരിപാടിയില്‍ സഹായം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11 കുട്ടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ നാല് പേര്‍ നിലവില്‍ 18 വയസ് പൂര്‍ത്തിയാക്കിയവരാണ്. മാതാപിതാക്കള്‍ അല്ലെങ്കില്‍, നിയമാനുസൃതമുള്ള രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും മറ്റും നല്‍കി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവരുടെ സ്‌കൂള്‍ ഫീസുകള്‍ മടക്കി നല്‍കുകയും ചെയ്യും. ഗവണ്‍മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കും. 'വാത്സല്യ'പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും സമഗ്രമായ പരിരക്ഷ ഉറപ്പാക്കും.
കുട്ടികളില്‍ ആര്‍ക്കെങ്കിലും പ്രൊഫഷണല്‍ കോഴ്‌സിനോ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി വായ്പ ആവശ്യമെങ്കില്‍ പി എം കെയേഴ്‌സ് സഹായിക്കും. മറ്റ് ചെലവുകള്‍ നിര്‍വഹിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മാസം 4,000 രൂപ വീതം നല്‍കും. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. ഈ കുട്ടികള്‍ക്ക് 23 വയസ് പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കുന്നത് കൂടാതെ ആയുഷ്മാന്‍ കാര്‍ഡ് മുഖേന ചികിത്സാ പരിരക്ഷയും സംവാദ് ഹെല്‍പ് ലൈന്‍ മുഖേന കൗണ്‍സിലിംഗും ലഭ്യമാക്കും. സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ എക്‌സ്ഗ്രേഷ്യാ സഹായമായും ലഭിക്കും.
ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.കെ വീനീത്, വനിത ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ഐ.സി.പി.എസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വേണു.വി.എസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്.ചിത്രലേഖ, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, കുട്ടികളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam