Print this page

ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; കര്‍ഫ്യൂ ഇന്ന് പിന്‍വലിക്കുമെന്ന് സൈന്യം

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യം വിട്ടതോടെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും. അതിനിടെ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ പറഞ്ഞിരുന്നു. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സൈന്യവും പൊലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏര്‍പ്പെടരുതെന്ന് ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇനി ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ കടമ', അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ചൊവ്വാഴ്ചയോട പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി സ്‌കൂളുകള്‍, ബിസിനസുകള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവ വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam