Print this page

ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ട്

England is about to ban Tik Tok on official phones England is about to ban Tik Tok on official phones
ബ്രിട്ടന്‍: ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ട്. ദേശീയ സൈബര്‍ സുരക്ഷാ വിഭാഗത്തിന്‍റെ ഉപദേശം അനുസരിച്ചാണ് തീരുമാനമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും കാനഡയിലും ബെല്‍ജിയത്തിലും യൂറോപ്യന്‍ കമ്മീഷനുമടക്കം ഇതിനോടകം ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തെ പിന്താങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ തീരുമാനം. എന്നാല്‍ ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ഔദ്യോഗിക ഫോണുകളില്‍ വിലക്കുകയാണെന്നും ഇംഗ്ലണ്ടിന്‍റെ സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ് വിശദമാക്കുന്നു.
സമ്പൂര്‍ണ നിരോധനത്തിലേക്കില്ലെന്ന് വിശദമാക്കുന്നതാണ് തീരുമാനം. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന രീതിയില്‍ ഡാറ്റ ചോര്‍ച്ചയുണ്ടാവുന്നതിനാല്‍ തങ്ങളുടേതായ രീതിയില്‍ ആപ്പിന് നിയന്ത്രണം കൊണ്ടുവരാന്‍ ഇംഗ്ലണ്ടിന് നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. വിലക്ക് സംബന്ധിച്ച പൂര്‌‍ണ വിവരങ്ങള്‍ ക്യാബിനറ്റ് മന്ത്രി ഒലിവര്‍ ഡൌടണ്‍ വിശദമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോകിന്‍റെ ചൈനീസ് ഉടമസ്ഥതയാണ് മറ്റ് രാജ്യങ്ങളും സുരക്ഷാ ഭീഷണിയായി വിശദമാക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിലേക്ക് എത്തുന്നുവെന്നതാണ് ടികി ടോക് നേരിടുന്ന സുപ്രധാന ആരോപണം. ഇത്തരത്തില്‍ ഡാറ്റകള്‍ ചൈനീസ് സര്‍ക്കാരിനെത്തുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സുരക്ഷാ വെല്ലുവിളിയാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
എന്നാല്‍ അത്തരം സുരക്ഷാ ഭീഷണികള്‍ തെറ്റിധാരണകളെ അടിസ്ഥാനമാക്കിയുള്ളതെന്നാണ് ടിക് ടോക് വിശദമാക്കുന്നത്. രാജ്യങ്ങളുടെ ഇത്തരം നീക്കത്തില്‍ നിരാശയുണ്ടെന്നും ടിക് ടോക് പ്രതികരിക്കുന്നു. ചൈനീസ് സര്‍ക്കാരിന് യൂസര്‍ ഡാറ്റ നല്‍കുന്നുവെന്ന ആരോപണം ടിക് ടോക് തള്ളി. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് ഇന്ത്യയില്‍ നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായിരുന്നു ടിക് ടോക്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam