Print this page

എലിസബത്ത് രാജ്ഞിക്ക് വിടചൊല്ലി ബ്രിട്ടൺ; അന്ത്യവിശ്രമം ഫിലിപ്പ് രാജകുമാരനോടൊപ്പം

By September 20, 2022 254 0
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി ചൊല്ലി ബ്രിട്ടൺ. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ രാജകീയമുറ പ്രകാരം മൃതദേഹം സംസ്കരിച്ചു. പിതാവ് ജോര്‍ജ് ആറാമന്റെ സ്മാരക ചാപ്പലിലെ രാജകീയ നിലറയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനരികെ ലില്ലിബറ്റിന് അന്ത്യവിശ്രമം.

വിവാഹവും സ്ഥാനാരോഹണവും നടന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ നിന്ന് രാജ്ഞിയുടെ അന്ത്യയാത്ര. അന്തിമ വിലാപയാത്രയിൽ ആയിരക്കണക്കിന് ജനങ്ങൾ വഴിയിൽ തടിച്ചുകൂടി. പൊതുദർശനത്തിന് വച്ചിരുന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് റോഡ് മാർഗമുള്ള 40 കിലോമീറ്റർ സ്റ്റേറ്റ് ഗൺ ക്യാരേജ്, ശവമഞ്ചം, ജാഗ്വാർ എന്നിവയിലാണ് മൃതദേഹം ചാപ്പലിലേക്ക് എത്തിച്ചത്.
 
Image
ലോകത്തിന്റെ അഭിവാദ്യം ഏറ്റുവാങ്ങി ഭൗതിക ശരീരം വില്ലിങ്ടണ്‍ ആര്‍ച്ചിലേയ്ക്ക്. “അതിവേഗത്തിൽ മാറുകയും ഇടയ്ക്കിടെ പ്രക്ഷുബ്ധവുമായ ലോകത്ത് രാജ്ഞിയുടെ ശാന്തമായ സാന്നിധ്യം വലുതായിരുന്നു. രാജ്ഞി ചെയ്തതുപോലെ ധൈര്യത്തോടെയും പ്രത്യാശയോടെയും ഭാവിയെ അഭിമുഖീകരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി. രാജ്ഞിയുടെ മാതൃക പിന്തുടർന്ന് സ്മരണയെ ബഹുമാനിക്കാൻ ദൈവം കൃപ നൽകട്ടെ.” സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നല്‍കിയ വിൻഡ്‌സർ ഡീൻ പറഞ്ഞു.

വിൻഡ്‌സർ കാസിലിലെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ ഫിലിപ്പ് രാജകുമാരന്‍റെ കല്ലറയ്ക്ക് അരികിലാണ് രാജ്ഞിയുടെ മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരം സ്വകാര്യ ചടങ്ങായിട്ടാണ് നടന്നത്. കിരീടവും ചെങ്കോലും ഉള്‍പ്പെടുന്ന രാജചിഹ്നങ്ങള്‍ ശവമഞ്ചത്തില്‍ നിന്ന് എടുത്തുമാറ്റിയതോടെ എഴുപത് വര്‍ഷം നീണ്ട എലിസബത്ത് യുഗത്തിന് അവസാനം.
Rate this item
(0 votes)
Author

Latest from Author