Print this page

നമ്മുടെ നഴ്സുമാർ നമ്മുടെ അഭിമാനം: മേയ് 12 ലോക നഴ്സസ് ദിനം

നമ്മുടെ നഴ്സുമാർ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിനാകെ നഴ്സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വർഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. കേരളത്തിലെ നഴ്സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ പല ലോക രാജ്യങ്ങളും എടുത്ത് പറഞ്ഞിട്ടുണ്ട്. Our Nurses Our Future (നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി) എന്നതാണ് ഈ വർഷത്തെ നഴ്സസ് ദിന സന്ദേശം. ആരോഗ്യ രംഗത്ത് നഴ്സുമാരുടെ സേവനങ്ങൾ എത്ര വലുതാണെന്ന് കാണിക്കുന്നതാണ് ഈ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ നിന്നുള്ള നഴ്സുമാരെയാണ് അവാർഡിനായി പരിഗണിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി സ്ഥാപന തലത്തിൽ നൽകിയിരുന്ന മാർക്കുകൾ വിലയിരുത്തി സംസ്ഥാനതല മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നഴ്സസ് അവാർഡിനായി തെരഞ്ഞെടുത്തത്. സംസ്ഥാനതല നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.


ആരോഗ്യ വകുപ്പിൽ ജനറൽ നഴ്സിംഗ് വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീദേവി പി., ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിൽ മികച്ച നഴ്സിനുള്ള സംസ്ഥാനതല അവാർഡ് തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 1 എം.സി ചന്ദ്രിക എന്നിവർക്കാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിംഗ് വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സീനിയർ നഴ്സിംഗ് ഓഫീസർ സിന്ധുമോൾ വി. കരസ്ഥമാക്കി.
Rate this item
(0 votes)
Author

Latest from Author