Print this page

ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ 'ഹാംലെറ്റ് ആശ സംഗമം' മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Minister Veena George to inaugurate 'Hamlet Asha Sangamam' to strengthen Urumitram project Minister Veena George to inaugurate 'Hamlet Asha Sangamam' to strengthen Urumitram project
തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധമായി സംഘടിപ്പിക്കുന്ന ഹാംലൈറ്റ് ആശ സംഗമത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 10 വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം ഹാംലെറ്റ് ആശമാര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നതിന് ആശാ പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ഹാംലെറ്റ് ആശ സംഗമത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ അറിവുകള്‍ നേടുന്നതിനും പുതിയ പദ്ധതികളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഹാംലെറ്റ് ആശാ പ്രവര്‍ത്തകര്‍ വലിയ സേവനമാണ് ചെയ്യുന്നത്. ഇവര്‍ അതേ ഊരില്‍ തന്നെ താമസിക്കുന്നവരായതിനാല്‍ 24 മണിക്കൂറും സേവനലഭ്യത ഉറപ്പുവരുത്താനാകും. ഊരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാലതാമസം കൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാരെ അറിയിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദിവാസി സമൂഹത്തിന് യോജിക്കുന്ന രീതിയിലുള്ള പ്രത്യേക ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനായാണ് ഊരുമിത്രം പദ്ധതി നടപ്പിലാക്കി വരുന്നത്. നിശ്ചിത ഗോത്രവര്‍ഗ ഊരുകളില്‍ സ്ഥിര താമസക്കാരായ സ്ത്രീകളെ ആ ഊരിലെ അംഗങ്ങള്‍ തന്നെ തെരഞ്ഞെടുക്കുകയും മികച്ച പരിശീലനത്തിലൂടെ അവരെ ആരോഗ്യ പ്രവര്‍ത്തകരായി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ അവരുടെ ജീവിത രീതികള്‍ക്ക് അനുയോജ്യമായ ആരോഗ്യ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കാനും ഹാംലെറ്റ് ആശാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. ഇതുവരെ 536 ഊരുമിത്രങ്ങളെ 11 ജില്ലകളിലായി തെരഞ്ഞെടുത്ത് രണ്ട് ഘട്ട പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam