Print this page

ഗ്യാസ്‌ട്രോഎന്‍ട്രോളജി എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യം

Fellowship in Gastroenterology HPB Surgery  First among government medical colleges Fellowship in Gastroenterology HPB Surgery First among government medical colleges
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിന് കീഴില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ആന്റ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കരള്‍ രോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ദ്വിവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമാണ് ആരംഭിക്കുന്നത്. സുതാര്യമായ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ 2021ലാണ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. കരള്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ നല്‍കുന്ന മികച്ച ക്ലിനിക്കല്‍ വിഭാഗമാണിവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കൊല്ലം, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്ന് കരള്‍രോഗ ചികിത്സയ്ക്ക് പ്രധാനമായും റഫര്‍ ചെയ്യപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. മൂന്ന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇവിടെ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ആന്‍ഡ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ഈ രംഗത്ത് പരിശീലനം നേടുന്നതിനും കൂടുതല്‍ രോഗികള്‍ക്ക് സഹായകരമാകാനും സാധിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam