Print this page

വേനൽക്കാലം ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും പരിശോധനകൾ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകൾ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈൽ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


കടകളിൽ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാക്കാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലിൽ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.


വേനൽക്കാലമായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാ വേളയിൽ വെള്ളം കരുതുന്നത് നല്ലത്. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.
Rate this item
(0 votes)
Author

Latest from Author