Print this page

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ ഒരുങ്ങി: മന്ത്രി ഡോ. ആർ ബിന്ദു

കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് തുടർന്നുള്ള കേൾവി-സംസാര -ഭാഷാ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ സജ്ജമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ലോകകേൾവി ദിനമായ മാർച്ച് മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഡോ. ആർ ബിന്ദു തെറാപ്പി സെന്റർ നാടിന് സമർപ്പിക്കും. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചുളള പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പി പരിശീലനം, ഓഡിറ്ററി വെർബൽ തെറാപ്പി സെന്ററിലൂടെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇ.എൻ.ടി. ഡിപ്പാർട്മെന്റിന്റെയും കേരള സാമൂഹ്യ സുരക്ഷാമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് തെറാപ്പി സെന്റർ ഒരുങ്ങുന്നത്.


നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലും (നിപ്മർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലും (നിഷ്) ഉള്ള ഓഡിറ്ററി വെർബൽ തെറാപ്പി സേവനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുവരുന്നത്. ശ്രവണപരിമിതികളുള്ള കുട്ടികൾക്ക് ശ്രവണ ഉപകരണങ്ങളിലൂടെയും ഓഡിയോ വെർബൽ തെറാപ്പിയിലൂടെയും ശ്രവണശക്തി വീണ്ടെടുക്കാനുള്ള ഇടപെടൽ പ്രവർത്തനങ്ങൾ ആറു മാസം മുതൽ 18 മാസം വരെ വേണം.


കുഞ്ഞിന് മൂന്നര വയസ് പ്രായമാകുന്നതുവരെ നിർബന്ധമായും പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പി ലഭിക്കണം. അനുബന്ധമായ ഇടപെടലുകൾ നടത്തി കുഞ്ഞുങ്ങളിലെ കേൾവി വൈകല്യം പരിഹരിക്കാൻ ഇത്തരം പരിശീലനം അനിവാര്യമാണ്. കുഞ്ഞിന് ശ്രവണ-സംസാര-ഭാഷാ ശേഷി കൈവരിക്കുന്നതിനായി രക്ഷിതാക്കൾ നടത്തേണ്ട ഇടപെടലുകൾ സംബന്ധിച്ചും സെന്ററിൽ പരിശീലനം നൽകും. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ മിഷന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടേയും സംഗമവും അനുഭവം പങ്കിടലും സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author