Print this page

കേരളത്തെ സമ്പൂര്‍ണ കുഷ്ഠരോഗ മുക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

By January 19, 2023 193 0
*അശ്വമേധം 5.0 സംസ്ഥാനതല കാമ്പയിന് തുടക്കം


*രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍


രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ കേരളത്തെ സമ്പൂര്‍ണ കുഷ്ഠരോഗ വിമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍, അശ്വമേധം 5.0യുടെ സംസ്ഥാനതല ഉദ്ഘാടനം, തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി രോഗനിര്‍ണയവും തുടര്‍ന്ന് ചികിത്സയും ലഭ്യമാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി പരിശീലനം ലഭിച്ച ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എല്ലാ വീടുകളിലുമെത്തി വിവരശേഖരണം നടത്തും. ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിവിധ തലങ്ങളില്‍ വിലയിരുത്തും. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.


കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിന് കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും എത്തുന്ന വിധത്തിലാണ് കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.


മെഡിക്കല്‍ കോളേജുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് റഫറല്‍ പ്രോട്ടോക്കോള്‍ രൂപീകരിച്ചിട്ടുണ്ട്. രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്ന ആശുപത്രികളെ ശാക്തീകരിക്കും. രോഗികള്‍ക്ക് മികച്ച രീതിയില്‍ ചികിത്സ ഉറപ്പാക്കിക്കൊണ്ട് ആശുപത്രികളില്‍ ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ജമീലാ ശ്രീധരന്‍, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ വി.ആര്‍.വിനോദ്, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ എ.എല്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.ഷീല എസ് എന്നിവരും പങ്കെടുത്തു.


എന്താണ് കുഷ്ഠരോഗം


വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠ രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയെടുക്കാത്ത രോഗികള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നു. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.


രോഗ ലക്ഷണങ്ങള്‍


തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുക്കും. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
Rate this item
(0 votes)
Author

Latest from Author