Print this page

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോര്‍ജ്

New Dialysis Unit at Indian Institute of Diabetes: Minister Veena George New Dialysis Unit at Indian Institute of Diabetes: Minister Veena George
1.23 കോടിയുടെ ഭരണാനുമതി
12 ജില്ലകളില്‍ വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന സംവിധാനം
തിരുവനന്തപുരം: പുലയനാര്‍ കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്. വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം 5 രോഗികള്‍ക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐപി ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക. എത്രയും വേഗം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വൃക്ക രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള 98 ആശുപത്രികള്‍ വഴിയും മെഡിക്കല്‍ കോളേജുകള്‍ വഴിയും ഡയാലിസിസ് സൗക്യങ്ങളൊരുക്കിയിട്ടുണ്ട്. ഡയാലിസിസ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് കൂടുതല്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനോ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനോ ശ്രമിച്ചുവരുന്നു.
ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതും ചെലവേറിയതുമാണ് ഹീമോ ഡയാലിസിസ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി.
നിലവില്‍ 12 ജില്ലകളില്‍ പെരിട്ടോണിയല്‍ ഡയാലിസിസിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങളുള്ളത്. ബാക്കി രണ്ട് ജില്ലകളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam