Print this page

സംസ്ഥാനത്ത് 1953 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണം

By September 15, 2022 206 0
4 ല്‍ നിന്നും 60 ആയി ഓക്‌സിജന്‍ ജനറേറ്ററുകള്‍ വര്‍ധിപ്പിച്ചു 

സംഭരണ ശേഷിയും ഓക്‌സിജന്‍ കിടക്കകളും ഒരു വര്‍ഷം കൊണ്ട് ഇരട്ടിയിലധികമാക്കി

ഓക്‌സിജന്‍ ഉറപ്പാക്കിയതില്‍ ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡ് കാലത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോള്‍ 1953.34 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ പങ്കാളികളാക്കി ഓക്‌സിജന്‍ സ്വയംപര്യാപ്തത ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ മുമ്പ് 4 ഓക്‌സിജന്‍ ജനറേറ്റര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 60 എണ്ണം ഈ സര്‍ക്കാര്‍ പ്രവര്‍ത്തനസജ്ജമാക്കി. ഒരെണ്ണത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയിലെ ഓക്‌സിജന്‍ ലഭ്യത 219.23 മെട്രിക് ടണ്ണില്‍ നിന്നും 567.91 മെട്രിക് ടണ്ണായി ഉയര്‍ത്താനും സാധിച്ചു. മുമ്പ് 6000 ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 11,822 എണ്ണമാക്കി ഉയര്‍ത്തി. ലിക്വിഡ് ഓക്‌സിജന്‍ കപ്പാസിറ്റി 105 കെഎല്‍ ആയിരുന്നത് 283 കെ.എല്‍. ആക്കി. ഓക്‌സിജന്‍ ജനറേറ്ററിലൂടെയുള്ള ഓക്‌സിജന്‍ ലഭ്യത 1250 എല്‍പിഎമ്മില്‍ നിന്നും 2.34 മെട്രിക് ടണ്‍ ആയിരുന്നത് വര്‍ധിപ്പിച്ച് 50,900 എല്‍പിഎമ്മില്‍ നിന്നും 95.18 മെട്രിക് ടണ്ണാക്കാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെ കേരളം ശാസ്ത്രീയമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയതാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് തരംഗങ്ങളെ അതിജീവിക്കാന്‍ കേരളത്തിനായത് മികച്ച ആശുപത്രി സൗകര്യങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. രണ്ടാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. അതേസമയം മൂന്നാം തരംഗത്തില്‍ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു. ഒരിക്കല്‍ പോലും ആശുപത്രി കിടക്കകള്‍ക്കോ, ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കോ, സുരക്ഷാ ഉപകരണങ്ങള്‍ക്കോ കുറവ് വന്നിട്ടില്ല.

ഐസിയു വെന്റിലേറ്ററുകള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു. കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേകം പീഡിയാട്രിക് ഐസിയു, വെന്റിലേറ്ററുകള്‍ സജ്ജമാക്കി. മെഡിക്കല്‍ കോളേജുകളില്‍ ചികിത്സാ സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം ഓക്‌സിജന്‍ കിടക്കകള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. മുമ്പ് 5213 ഓക്‌സിജന്‍ കിടക്കകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ സര്‍ക്കാര്‍ 10,838 ആയി വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളേജുകളില്‍ 3257 ഓക്‌സിജന്‍ കിടക്കകളും മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ 2368 ഓക്‌സിജന്‍ കിടക്കകളുമാണ് അധികമായി സ്ഥാപിച്ചത്.
Rate this item
(0 votes)
Author

Latest from Author