Print this page

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

Vaccination Action Plan formulated by: Minister Veena George Vaccination Action Plan formulated by: Minister Veena George
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതാണ്. കുട്ടികളുടെ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ മാത്രമാകും നല്‍കുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഈ ആശുപത്രികളിലുണ്ടാകും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉള്‍പ്പെടെ 4 ദിവസങ്ങളില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും.
കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷനായി പോകുന്നതായിരിക്കും നല്ലത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. എന്തെങ്കിലും കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിന്‍ എടുത്തവരുടേയും എടുക്കാത്തവരുടേയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കും. അതിന്റെ കോപ്പി ആര്‍സിഎച്ച് ഓഫീസര്‍ക്കും നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.
മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍
ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാനായി നീല നിറത്തിലുള്ള ബോര്‍ഡായിരിക്കും സ്ഥാപിക്കുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തെറ്റിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam