Print this page

കോളിവുഡിനെ ഞെട്ടിച്ച് 'തായ് കിഴവി'

'Thai Kizhaavi' shocks Kollywood 'Thai Kizhaavi' shocks Kollywood
കാലമെത്ര മാറിയാലും സിനിമകളുടെ ജയപരാജയങ്ങള്‍ പ്രവചിക്കുക എന്നത് അസാധ്യം തന്നെയാണ്. മുന്‍നിര ബാനറും സൂപ്പര്‍താരവും പേരുകേട്ട സംവിധായകനും ബിഗ് ബജറ്റും ഒക്കെയുള്ളതുകൊണ്ട് ഒരു ചിത്രവും വിജയിക്കണമെന്നില്ല. എന്നാല്‍ അത്തരം ഘടകങ്ങളൊന്നുമില്ലെങ്കിലും ചില ചിത്രങ്ങള്‍ അമ്പരപ്പിക്കുന്ന വിജയം നേടുകയും ചെയ്യാം. തമിഴ് സിനിമയില്‍ രണ്ടാമത് പറഞ്ഞതിന് ഏറ്റവും പുതിയ ഒരു ഉദാഹരണമുണ്ട്. നവാഗതനായ ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത തായ് കിഴവി എന്ന ചിത്രമാണ് നേടിയ വിജയം കൊണ്ട് തമിഴ് സിനിമാ വ്യവസായത്തെ തന്നെ അമ്പരപ്പിക്കുന്നത്. നവാഗത സംവിധായകന്‍, ടൈറ്റില്‍ കഥാപാത്രമായ പവുനുത്തായി എന്ന പ്രായമായ സ്ത്രീയെ അവതരിപ്പിച്ചത് രാധിക ശരത്കുമാറും. ഇന്‍ഡസ്ട്രിക്ക് മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത വിജയമാണ് പിന്നീട് സംഭവിച്ചത്.
കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ഫെബ്രുവരി 27 നാണ് തിയറ്ററുകളില്‍ എത്തിയത്. കണ്ടവര്‍ കണ്ടവര്‍ ചിത്രത്തിന്‍റെ പ്രചാരകരായി മാറിയതോടെ ബോക്സ് ഓഫീസില്‍ അത്ഭുതം സംഭവിച്ചു. ആദ്യ വാരം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 23.95 കോടി ആയിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയ കളക്ഷന്‍ 60.10 കോടിയാണ്. തമിഴ് സിനിമയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നത് എന്ന് പറയുമ്പോള്‍ ആ വിജയത്തിന്‍റെ പകിട്ട് ഊഹിക്കാം. ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിക്ക് പോലും സാധിക്കാതെപോയ നേട്ടമാണ് ഇത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 10.35 കോടിയാണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 79.08 കോടി. വെറും 9 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നത് പരിഗണിക്കുമ്പോഴാണ് ഈ വിജയത്തിന്‍റെ മൂല്യം ഏറുന്നത്. പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ ബജറ്റില്‍ മികച്ച ഉള്ളടക്കം കൊണ്ടുവന്നാല്‍ മലയാളികളെപ്പോലെ തമിഴ് പ്രേക്ഷകരും സ്വീകരിക്കുമെന്നതിന് ഒരു പുതിയ മാതൃകയാവുകയാണ് തായ് കിഴവി. സൂപ്പര്‍ താരങ്ങളെ വിട്ട്, ചെറിയ ബജറ്റില്‍ മികച്ച ചിത്രങ്ങള്‍ ഒരുക്കാന്‍ നിരവധി നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനമാവും ഈ വിജയമെന്ന് നിസ്സംശയം പറയാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam