Print this page

മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് വീട്ടമ്മ

Housewife making bamboo flowers Housewife making bamboo flowers
കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ . വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള പൂക്കള്‍ നിര്‍മിക്കുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കളുടേയും മുളകൊണ്ടുള്ള ഫ്‌ളവര്‍വേസിന്റേയും തത്സമയ നിര്‍മാണവും പ്രദര്‍ശനവുമാണ് ഫെസ്റ്റിന്റെ ഭാഗമായി ബേബി ലത ചെയ്യുന്നത്. വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ ആണ് 19ാമത് ബാംബൂ ഫെസ്റ്റ് നടത്തുന്നത്.
വയനാട് തൃക്കേപ്പറ്റ സ്വദേശിയായ ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ബാംബൂ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ ഡ്രൈ ഫ്‌ളവര്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റിനൊപ്പമായിരുന്നു മേളയില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സ്വന്തം നിലയിലാണ് ബേബി ലത മേളയുടെ ഭാഗമാകുന്നത്. ഒരു പൂവിന് 30 രൂപയാണ് വില. 500 രൂപ മുതല്‍ മുകളിലേക്കാണ് ഫ്‌ളവര്‍വേസിനും പൂക്കള്‍ക്കുമായി വരുന്ന വില. മുള ചെറുതായി മുറിച്ച് പുഴുങ്ങി ഉണക്കി കളര്‍ ചെയ്‌തെടുത്താണ് പൂക്കള്‍ നിര്‍മിക്കുന്നത്. പൂക്കള്‍ ഉണ്ടാക്കിയതിന് ശേഷം കളറില്‍ മുക്കുന്ന രീതിയും ഉപയോഗിക്കാറുണ്ടെന്ന് ബേബി ലത പറയുന്നു. കൂടുതലും ഫുഡ് കളര്‍ ആണ് ഉപയോഗിക്കുന്നത്. വാട്ടര്‍ കളറിനേക്കാളും പൊടി രൂപത്തില്‍ കിട്ടുന്ന ചെറിയ കളര്‍ പായ്ക്കറ്റുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടന വേദി അലങ്കരിച്ചത് ബേബി ലത നിര്‍മിച്ച പൂക്കള്‍ കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം ബൊക്കെയായിരുന്നു നിര്‍മിച്ച് നല്‍കിയത്.
പരമ്പരാഗതമായ രീതിയില്‍ ഒരു മെഷീനിന്റെയും സഹായമില്ലാതെയാണ് മുള കീറിയെടുത്ത് പൂക്കള്‍ നിര്‍മിക്കുന്നത്. നല്ല ക്ഷമയും സമയവും ഇതിന്റെ നിര്‍മാണത്തിന് ആവശ്യമാണെന്ന് ബേബി ലത പറയുന്നു. ഒരു ദിവസം 1500 രൂപയുടെ പൂക്കള്‍ ഉണ്ടാക്കാന്‍ കഴിയും. ജില്ലക്ക് പുറത്ത് നിന്നും മറ്റുമൊക്കെ ഓര്‍ഡര്‍ വരാറുണ്ട്. കല്യാണ മണ്ഡപവും ഉദ്ഘാടന വേദി അലങ്കരിക്കാനുമാണ് കൂടുതല്‍ ആളുകളും ഓര്‍ഡര്‍ നല്‍കാറ്. ഭര്‍ത്താവ് കിടപ്പിലായതിനാല്‍ ചികിത്സാച്ചെലവും മക്കളുടെ പഠന ചെലവും കുടുംബത്തിലെ ചെലവും എല്ലാം ഈ വീട്ടമ്മയാണ് കണ്ടെത്തുന്നത്. ലോറിയില്‍ തടി കയറ്റുന്നതിനിടയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിനും സുഷ്മുനക്കും പരിക്ക് പറ്റി ഭര്‍ത്താവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കിടപ്പിലാണ്. പിജിക്ക് പഠിക്കുന്ന മകളും പ്ലസ്ടുവിന് പഠിക്കുന്ന മകനുമാണ് ഇവര്‍ക്കുള്ളത്. പൂക്കളുടെ ഓര്‍ഡര്‍ ഇല്ലാത്ത സമയങ്ങളില്‍ മുള കൊണ്ടുള്ള മാലയും വളയും നിര്‍മിക്കും.
നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിക്കുന്ന ഡിസൈന്‍ വര്‍ക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam