Print this page

ഉന്നതവിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന മാതൃക സൃഷ്ടിക്കണം: മന്ത്രി ഡോ. ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത മാതൃക ഏതെന്ന് അന്വേഷിക്കുന്നവർക്ക് ഏറ്റവും സ്വീകാര്യമായ തിളങ്ങുന്നൊരു മാതൃക നൽകാൻ കേരളത്തിനു കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ രണ്ടു ദിവസത്തെ കരിക്കുലം ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരിക്കുലം രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കരിക്കുലം കമ്മിറ്റി, യുജി പ്രോഗ്രാമിന്റെ കരിക്കുലത്തിന് കരട് രൂപരേഖ തയ്യാറാക്കിയതാണ് ശില്പശാല ചർച്ചചെയ്യുന്നത്.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തനിയാവർത്തനമായിക്കൂടാ കേരളത്തിന്റെതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാന സർക്കാരും കേരളീയ സമൂഹവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതിനനുസൃതമായ നിലയിൽ വൈജ്ഞാനിക സമൂഹം സാക്ഷാത്കരിക്കാൻ ഉതകുന്ന തരത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്‌കാരങ്ങൾ ഉണ്ടാക്കണമെന്ന ധാരണയാണ് സർക്കാരിനുള്ളത്.


അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്റെയും അക്കാദമിക ഗുണമേന്മയുടെയും കാര്യത്തിൽ ലോകോത്തരമായ ചില മാതൃകകൾ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുമാത്രമല്ല രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി പുരസ്‌കാരങ്ങൾ കേരളത്തെ തേടി എത്തുകയും ചെയ്തു. അതിന്റെ സ്വാഭാവിക തുടർച്ച കൂടിയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും മാറ്റിതീർക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങൾക്കുള്ള പരിശ്രമങ്ങൾ.


ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രകടമായ മാറ്റങ്ങൾ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലാനുസൃത നടപടി എന്ന നിലയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക സമൂഹത്തിന് അനുയോജ്യമായ നിലയിൽ ആ വെല്ലുവിളിയാകെ അഭിസംബോധന ചെയ്യാൻ കഴിയുന്ന വിധത്തിൽ നമ്മുടെ വിദ്യാർത്ഥികളെ രൂപപ്പെടുത്തിയെടുക്കാൻ കഴിയണം.


കാര്യമായൊരു മാറ്റം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ഉന്നതവിദ്യാഭ്യാസ മേഖലയെ സ്പർശിച്ചു നിൽക്കുന്ന മുഴുവൻ പേർക്കും മാത്രമല്ല പൊതുസമൂഹത്തിനുംകൂടി അനുഭവപ്പെടുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Author

Latest from Author