November 23, 2024

Login to your account

Username *
Password *
Remember Me

വൈജ്ഞാനിക വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ ഉതകുന്ന പദ്ധതിയാണ് ടിങ്കറിംഗ് ലാബുകൾ: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗം ആധുനിക കാലഘട്ടത്തിനോടൊപ്പം മുന്നേറുന്നതിന് പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ശാസ്ത്രാവബോധവും, സാങ്കേതികതയിൽ ഊന്നിയ നവ വിദ്യാഭ്യാസ മാതൃകകളും സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിനായി ടിങ്കറിംഗ് ലാബ് പോലുള്ള പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു . തിരുവനന്തപുരം കോട്ടൺഹിൽ . ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം നിർമിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളിൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.വിദ്യാർത്ഥികൾക്ക് സ്കൂൾതലം മുതൽ തന്നെ ഇലക്ട്രോണിക്സ് , റോബോട്ടിക്സ് , ബയോ ഇൻഫർമാറ്റിക്സ് തുടങ്ങി ആധുനിക ശാസ്ത്ര പഠനങ്ങൾക്ക് അടിസ്ഥാനമാകുന്ന പഠനശേഷി കൈവരിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയാണ് ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിക്കുന്ന ടിങ്കറിംഗ് ലാബുകൾ സാങ്കേതികവിജ്ഞാനിക വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുന്ന നവീന പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളിൽ ഇതിനോടകം 42 ടിങ്കറിംഗ് ലാബുകൾ ആരംഭിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് കൂടുതൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിംസ് ഹോസ്പിറ്റൽ മാനേജ്മെൻറ് കോട്ടൺഹിൽ സ്കൂളിന് നൽകിയ ഫർണിച്ചർ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവഹിച്ചു . എസ്.എം.സി ചെയർമാൻ ആർ .പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി.ഗിരീഷ്മ സ്വാഗതം പറഞ്ഞു. ഹയർ സെക്കൻഡറി ആർ.ഡി.ഡി. കെ ആർ ഗിരിജ ,സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എ കെ സുരേഷ് കുമാർ , പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ് , ഡി ഇ ഒ ആർ.എസ്.സുരേഷ് ബാബു, എ.ഇ. ഒ ഗോപകുമാർ ,കിംസ് ഹെൽത്ത് ക്ലസ്റ്റർ സി ഇ ഒ രശ്മി ഐഷ തുടങ്ങി രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.