Print this page

രാജ്യത്തെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം, 'സമ്മോഹൻ' തിരുവനന്തപുരത്ത്

By February 23, 2023 941 0
12 സംസ്ഥാനങ്ങളിൽ നിന്നായി 1700 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം സമ്മോഹന് തിരുവനന്തപുരം വേദിയാവും. ഫെബ്രുവരി 25, 26 തീയതികളിൽ കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ ഒരേ സമയം അഞ്ച് വേദികളിലായാണ് കലോത്സവം നടക്കുകയെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.


25 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ 'സമ്മോഹൻ' ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സെക്രട്ടറി രാജേഷ് അഗർവാൾ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര-സംസ്ഥാന സാമൂഹ്യനീതി വകുപ്പുകൾ ചേർന്നൊരുക്കുന്ന ഭിന്നശേഷി കലോത്സവത്തിൽ രാജ്യത്ത് ഭിന്നശേഷിക്കാർക്കായുള്ള ഒൻപത് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളും ഭാഗഭാക്കാകും.


ഭിന്നശേഷി സമൂഹത്തിന്റെ സർഗ്ഗാവിഷ്‌കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനുമാണ് 'സമ്മോഹൻ' കലാമേള. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനു പകരം അവരെ ചേർത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് സമ്മോഹന്റെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.


കലോത്സവത്തിന് മാറ്റുകൂട്ടാൻ കർണാടക, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള, ഭിന്നശേഷി മേഖലയിലെ വിശിഷ്ട വ്യക്തികളുടെ കലാപ്രകടനങ്ങളും മെഗാ പരിപാടികളും അരങ്ങേറും. ഇവർ അവതരിപ്പിക്കുന്ന വീൽ ചെയർ ഡാൻസ്, ഒഡീസി സംഘനൃത്തം, ഗുജറാത്തി നൃത്തം, ഡാൻഡിയ നൃത്തം എന്നിവ മേളയുടെ മുഖ്യ ആകർഷണങ്ങളാകും.


ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ പരിചയപ്പെടുത്തലും, ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയും ഉണ്ടാവും. ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധരുടെ സേവനവും പങ്കാളിത്തവും ഒരുക്കിയിട്ടുണ്ട്. മേളയുടെ പതാക ഉയർത്തൽ വെള്ളിയാഴ്ച വൈകിട്ട് നാലിന് വ്യവസായ മന്ത്രി പി.രാജീവ് കിൻഫ്ര പാർക്കിൽ നിർവഹിക്കും.
Rate this item
(0 votes)
Author

Latest from Author