Print this page

പാസ്‌പോർട്ട് റാങ്കിങ്: ഒന്നാം സ്ഥാനത്ത് ജപ്പാൻ, ഇന്ത്യ 87-ാം സ്ഥാനത്ത്

ലണ്ടൻ: 2022-ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക അടുത്തിടെ പുറത്തിറക്കി ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ്. 199 വ്യത്യസ്ത പാസ്പോർട്ടുകൾ, 227 വ്യത്യസ്ത യാത്രാ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സൂചികയാണിത്. ഈ വർഷത്തെ പാസ്‌പോർട്ട് റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്ത് ജപ്പാൻ ആണ്. 199 രാജ്യങ്ങളിൽ ജപ്പാൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ 87-ാം സ്ഥാനത്താണ്. അതേസമയം, ലോകത്തിലെ ഏറ്റവും മോശം പാസ്‌പോർട്ടുകളുടെ പട്ടികയിൽ പാക്കിസ്ഥാന് നാലാമത്തെ സ്ഥാനമുണ്ടെന്നും ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ പറയുന്നു.

യാത്രാ വിവരങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. റാങ്കിംഗ് അനുസരിച്ച്, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ ഉണ്ട്. മിക്ക രാജ്യങ്ങളിലേക്കും ഇവ തടസരഹിത പ്രവേശനം നൽകുന്നുണ്ട്. ജാപ്പനീസ് പാസ്‌പോർട്ട് 193 രാജ്യങ്ങളിലേക്കാണ് തടസ്സരഹിത പ്രവേശനം നൽകുന്നത്. സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 രാജ്യങ്ങളിലേക്കും പ്രവേശനം നൽകുന്നു

നേപ്പാൾ, ഇന്തോനേഷ്യ, ഭൂട്ടാൻ, മക്കാവു എന്നിവയുൾപ്പെടെ 60 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ/വിസ-ഓൺ-അറൈവൽ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയുടെ പാസ്‌പോർട്ട് 87-ാം സ്ഥാനത്താണ്. 2021-ൽ 1.6 ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ സർക്കാർ കണക്കുകൾ സൂചിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അവരിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും (78,284) ഓസ്‌ട്രേലിയയിലേക്കും (23,533), കാനഡയിലേക്കും (21,597) യുകെയിലേക്കും (14,637) കുടിയേറിയത്.

മൊബിലിറ്റി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ടുകൾ റാങ്ക് ചെയ്യുന്നത്. മൊബിലിറ്റി സ്‌കോർ കൂടുന്തോറും പാസ്‌പോർട്ട് പവർ റാങ്ക് മെച്ചപ്പെടും. വിസ രഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ ഉപയോഗിച്ച് സ്വീകരിക്കുന്ന പാസ്‌പോർട്ടുകളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.
Rate this item
(0 votes)
Last modified on Friday, 22 July 2022 09:55
Author

Latest from Author