Print this page

ഫെഡറല്‍ ബാങ്കിന് 601 കോടി രൂപ അറ്റാദായം, 64 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വര്‍ധന

Federal Bank's net profit was Rs 601 crore, a record increase of 64 percent Federal Bank's net profit was Rs 601 crore, a record increase of 64 percent
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 367 കോടി രൂപയില്‍ നിന്ന് 64 ശതമാനം വാര്‍ഷികവളര്‍ച്ചയോടെ 601 കോടി രൂപയാണ് അറ്റാദായമായി ബാങ്ക് രേഖപ്പെടുത്തിയത്. 973 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. പലിശയിതര വരുമാനം 73 ശതമാനം വര്‍ധിച്ച് 441 കോടി രൂപയിലെത്തി. നിഷ്ക്രിയ ആസ്തികള്‍ കുറക്കാനും ബാങ്കിന് സാധിച്ചു . ബിസിനസ് ബാങ്കിങ് 18 ശതമാനവും വാണിജ്യ ബാങ്കിങ് 20 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. വിദേശത്തു നിന്നുള്ള റെമിറ്റന്‍സ് ബിസിനസില്‍ ഫെഡറല്‍ ബാങ്കിന്‍റെ വിപണി വിഹിതം 21.06 ശതമാനമായും വര്‍ധിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ബാങ്കിന്‍റെ മൊത്തം ബിസിനസ് 12 ശതമാനം വര്‍ധിച്ച് 3,35,045 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 2,99,158 കോടി രൂപയായിരുന്നു മൊത്തം ബിസിനസ്. അറ്റപലിശ വരുമാനം 1418 കോടി രൂപയില്‍ നിന്ന് 1605 കോടി രൂപയായി വര്‍ധിച്ചു. 13 ശതമാനമാണ് വളര്‍ച്ച. ആകെ വരുമാനം 4081 കോടി രൂപയിലെത്തി.
എട്ടു ശതമാനമാണ് നിക്ഷേപങ്ങളിലുണ്ടായ വളര്‍ച്ച. മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1,69,393 കോടി രൂപയില്‍ നിന്ന് നിക്ഷേപങ്ങള്‍ 1,83,355 കോടി രൂപയിലെത്തി. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 67,540 കോടി രൂപയാണ്. 36.84 ശതമാനമാണ് കാസ അനുപാതം. റെസിഡന്‍റ് സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപം 19 ശതമാനം വര്‍ധിച്ച് 31,102 കോടി രൂപയിലെത്തി.
വായ്പകള്‍ മുന്‍ വര്‍ഷത്തെ 1,32,787 കോടി രൂപയില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 1,54,392 കോടി രൂപയായി. കാര്‍ഷിക വായ്പ 19 ശതമാനം വര്‍ദ്ധനവോടെ 19,988 കോടി രൂപയിലെത്തി. ബിസിനസ് ബാങ്കിങ് വായ്പകള്‍ 12,799 കോടി രൂപയായും വര്‍ധിച്ചു.
മൊത്ത നിഷ്ക്രിയ ആസ്തി 3.50 ശതമാനത്തില്‍ നിന്ന് 2.69 ശതമാനമായും (4,155 കോടി രൂപ), അറ്റ നിഷ്ക്രിയ ആസ്തി 1.23 ശതമാനത്തില്‍ നിന്ന് 0.94 ശതമാനമായും (1420 കോടി രൂപ) കുറക്കാനും, ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനും ബാങ്കിന് കഴിഞ്ഞു. പ്രൊവിഷന്‍ കവറേജ് അനുപാതം 65.03 ശതമാനമാണ്. ടെക്നിക്കല്‍ റൈറ്റ് ഓഫ് ഉള്‍പ്പെടെ പരിഗണിച്ചാല്‍ ഇത് 80.66% ആണ്. മൂലധന പര്യാപ്തതാ അനുപാതം 14.57 ശതമാനവും അറ്റ മൂല്യം 19,267 കോടി രൂപയുമാണ്.
നിലവിലെ കണക്കുകള്‍ പ്രകാരം ബാങ്കിന് ആകെ 1291 ശാഖകളും 1860 എടിഎമ്മുകളുമുണ്ട്. കൂടാതെ അബുദബി, ദുബായ്, എന്നിവിടങ്ങളില്‍ പ്രതിനിധി ഓഫീസുകളും അഹമദാബാദിലെ ഗുജറാത്ത് രാജ്യാന്തര ഫിനാന്‍സ് ടെക് സിറ്റി (ഗിഫ്റ്റ് സിറ്റി) യില്‍ ബാങ്കിങ് യൂണിറ്റുമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഒരേ ദിവസം 10 പുതിയ ശാഖകളും ബാങ്ക് തുറന്നിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam