|
ട്രംപ് ഉടക്കി, ധനബിൽ പാസായില്ല; യുഎസിൽ പ്രതിസന്ധി |
20/1/2018 |
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംപിടിത്തം കാരണം ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച അർധരാത്രി മുതൽ ഭാഗികമായി സ്തംഭിച്ചു.ഫെബ്രുവരി 16 വരെ സർക്കാർ ചെലവിനുള്ള ഫണ്ട് നീട്ടിനല്കാനുള്ള ബിൽ വെള്ളിയാഴ്ച രാത്രി സെനറ്റിൽ പരാജയപ്പെട്ടു. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുണ്ടെങ്കിലും ഫണ്ട് പാസാക്കാൻ വേണ്ട 60 വോട്ടുകൾ ലഭിച്ചില്ല. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വിവിധ സർക്കാർ ഓഫീസുകളിലെ ആയിരക്കണക്കിനു ജോലിക്കാർക്ക് തിങ്കളാഴ്ച മുതൽ പണിയില്ലാതാകും.
ഫണ്ട് ലഭിക്കാത്തതിനാൽ വിദ്യാഭ്യാസം, വാണിജ്യം, ഭവനം, പരിസ്ഥിതി വകുപ്പുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ നിശ്ചലമാകും. ട്രഷറി, ആരോഗ്യം, പ്രതിരോധ വകുപ്പുകളുടെ പ്രവർത്തനം ഭാഗികമായും തടസപ്പെടും. വീസ, പാസ്പോർട്ട് നടപടിക്രമങ്ങളും തടസപ്പെടും. ദേശീയസുരക്ഷ, തപാൽ, ട്രാഫിക് നിയന്ത്രണം, ആരോഗ്യം, ദുരിതാശ്വാസം, ജയിൽ, നികുതിപിരിവ്, വൈദ്യുതി വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കു തടസമുണ്ടാകില്ല.
ഭരണം നടത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരും പ്രതിപക്ഷത്തെ ഡെമോക്രാറ്റുകളും ആരോപണ- പ്രത്യാരോപണങ്ങളുമായി സജീവമായി. എങ്കിലും കൂടുതൽ ക്ഷീണം ഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങിനിന്ന പ്രസിഡന്റ് ട്രംപിനാണ്.കുടിയേറ്റവിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ഡെമോക്രാറ്റുകൾ നിലപാടെടുത്തതാണ് കാരണം. ഡെമോക്രാറ്റ് നേതാവ് ചക് ഷുമറും ട്രംപും തമ്മിൽ വോട്ടെടുപ്പിനു മുന്പു ചർച്ച നടത്തിയെങ്കിലും ട്രംപ് വഴങ്ങിയില്ല. ചില റിപ്പബ്ലിക്കന്മാരും ബില്ലിനെ എതിർത്തു വോട്ട് ചെയ്തു.
|