Print this page

കുവൈത്തിൽ പ്രവാസികൾക്കായുള്ള വായ്പാ നിബന്ധനകളിൽ വലിയ മാറ്റങ്ങൾ വരുന്നു

Major changes coming to loan terms for expatriates in Kuwait Major changes coming to loan terms for expatriates in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് മേഖലയിൽ പ്രവാസികൾക്കായുള്ള വായ്പാ നിബന്ധനകളിൽ വലിയ മാറ്റങ്ങൾ വരുന്നു. മുൻപ് പിന്തുടർന്നിരുന്ന കർശനമായ വായ്പാ നയങ്ങളിൽ നിന്ന് മാറി, കൂടുതൽ അയവുള്ളതും പ്രവാസി സൗഹൃദവുമായ സമീപനമാണ് ബാങ്കുകൾ ഇപ്പോൾ സ്വീകരിക്കുന്നത്. 2023 മുതൽ വ്യക്തിഗത വായ്പാ മേഖലയിലുണ്ടായ മന്ദഗതി മറികടക്കാനും ക്രെഡിറ്റ് വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.
വിപണി സാഹചര്യങ്ങളിലെ മാറ്റം കണക്കിലെടുത്ത് കൂടുതൽ പ്രവാസികൾക്ക് വായ്പ ലഭ്യമാക്കാനാണ് ബാങ്കുകളുടെ തീരുമാനം. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെയും കൃത്യമായ വരുമാനമുള്ള പ്രവാസികളെയും ലക്ഷ്യമിട്ടാണ് ക്രെഡിറ്റ് പരിധികളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്പളമുള്ള പ്രവാസികൾക്ക് 70,000 ദിനാർ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ടാകും. 1,500 ദിനാറിനും 50,000 ദിനാറിനും ഇടയിൽ വരുമാനമുള്ളവർക്കും വൻതുക വായ്പയായി ലഭിക്കും. ശമ്പളം കുറഞ്ഞവർക്കും പുതിയ ഇളവുകൾ ഗുണകരമാകും.
600 ദിനാർ മുതൽ ശമ്പളമുള്ള താമസക്കാർക്ക് ഇപ്പോൾ 15,000 ദിനാർ വരെ വായ്പ ലഭിക്കാൻ അവസരമുണ്ട്. വായ്പാ ഇളവുകൾ നൽകുമ്പോഴും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ നിബന്ധനകൾ ബാങ്കുകൾ കർശനമായി പാലിക്കും. മാസതവണകൾ ഒരാളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന നിയമം ഇതിൽ പ്രധാനമാണ്. പ്രവാസികളുടെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കാനും ബാങ്കിങ് ഇടപാടുകൾ സജീവമാക്കാനുമാണ് ഈ മാറ്റത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam