Print this page

മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കും: മന്ത്രീ വീണാ ജോര്‍ജ്

Model Homes can create a family atmosphere for children: Minister Veena George Model Homes can create a family atmosphere for children: Minister Veena George
തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് ഒരു കുടുംബം എന്നുള്ള അന്തരീക്ഷം നല്‍കുന്നതിന് വേണ്ടി ഒരു ഹൗസ് മദര്‍ക്ക് 10 കുട്ടികള്‍ എന്ന രീതിയില്‍ ചുമതല നല്‍കിയിട്ടുണ്ട്. ഹോമിലെ എല്ലാ കാര്യങ്ങളിലും കുട്ടികളുടെ കൂടെ അഭിപ്രായം എടുത്തിട്ടാണ് തീരുമാനമെടുക്കുന്നത്. 12 വയസിന് താഴെയുള്ള കുട്ടികളില്‍ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ ഹോമില്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളില്‍ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂര്‍ രാമവര്‍മ്മപുരത്ത് സജ്ജമാക്കിയ പെണ്‍കുട്ടികള്‍ക്കുള്ള അത്യാധുനിക മോഡല്‍ ഹോമിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വനിത ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന് കീഴില്‍ 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പോസ്‌കോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നല്‍കി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ ഹോം തയ്യാറാക്കിയിരിക്കുന്നത്. 150 കുട്ടികള്‍ക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ ഹോമിലൂടെ കുട്ടികള്‍ക്ക് ജീവിത നൈപുണ്യ വിദ്യാഭ്യാസവും തൊഴില്‍പരമായിട്ടുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തും.
ഹോമില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. സിക്ക് റൂം, ഐസോലേഷന്‍ റൂം, വിശാലമായ ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകള്‍, ടാബുകള്‍ എന്നിവയുമുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കളിസ്ഥലം, ഗാര്‍ഡന്‍, പാര്‍ക്ക്, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം എന്നിവയും സജ്ജീകരിച്ചു വരുന്നു.
തൃശൂര്‍ ഹോമിലെ താമസക്കാരുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാന്‍ ട്യൂഷന്‍, എന്‍ട്രന്‍സ് കോച്ചിംഗുകള്‍, പി.എസ്.സി. കോച്ചിംഗുകള്‍ എന്നിവ നല്‍കുന്നതാണ്. ഹോമില്‍ കുട്ടികള്‍ക്ക് സ്വകാര്യമായുണ്ടാകുന്ന പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ ബോക്‌സും സജ്ജീകരിച്ചിട്ടുണ്ട്. ഹോമിലെത്തുന്ന ഒരു കുട്ടിയെ, കുട്ടിയുടെ കഴിവിനനുസരിച്ചുള്ള പരമാവധി വിദ്യാഭ്യാസം നല്‍കി ശാസ്ത്രീയ പരിചരണത്തിലൂടെ സമൂഹത്തിനുതകുന്ന മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുകയാണ് ഈ മോഡല്‍ ഹോമിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 19 റിസര്‍വ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച തൃശൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ എസ്. അപ്പുവിനെ മന്ത്രി അനുമോദിച്ചു.
പി. ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീലാ മേനോന്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി. മീര, സി.ഡബ്ല്യു.സി. ചെയര്‍പേഴ്‌സണ്‍ കെ.ജി. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam